യോഗയിലും വുഷു ആയോധനകലയിലും ദേശീയ ജേതാവായി പതിമൂന്നുകാരി ആര്യ എസ് സുരേഷ്

യോഗയിലും വുഷു ആയോധനകലയിലും ദേശീയ ജേതാവായി പതിമൂന്നുകാരി ആര്യ എസ് സുരേഷ്
Posted by
Story Dated : December 23, 2016

-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

എടപ്പാള്‍: ആര്യ എസ് സുരേഷ് ഇന്ന് വെറുമൊരു പേരല്ല, ഒരുപാട്‌പേര്‍ക്ക് കൊതി തോന്നിയൊരു ജീവിതത്തിന്റെ പുസ്തകമാണിന്ന്. ചങ്ങരംകുളം ആലംകോട് സ്വദേശി ആര്യ നാലുവര്‍ഷമായി യോഗയില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ നാഷണല്‍ പ്ലയറായി ഈ കൊച്ചു പ്രായത്തില്‍ തന്നെ നേട്ടത്തിന്റെ നെറുകെയിലാണ്. ഈ പതിമൂന്നുകാരി പഠിക്കുന്നത് കോക്കൂര്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ എട്ടാം ക്ലാസിലാണ് . ഈ മാസം 23 ,24 തിയ്യതികളില്‍ ബാംഗ്ലൂരില്‍ വെച്ച് നടക്കുന്ന ദേശീയ യോഗാ മല്‍സരത്തില്‍ ആര്യ പങ്കെടുക്കുന്നുണ്ട്. ഇത്തവണയും വിജയി ആര്യ തന്നെയാണെന്നന്നതില്‍ യാതൊരു സംശയവുമില്ല.

യോഗ മാത്രമല്ല കളരിയും കരാട്ടേയും, ഷാവേലിനും, ബോക്‌സിങ്ങും ഒന്നിച്ച് ചേര്‍ത്ത വുഷു എന്ന ആയോധനകലയിലും ഈ മിടുക്കി കഴിവ് തെളിയിച്ചിട്ടുണ്ട്. രണ്ടുതവണ നാഷണല്‍ വുഷു ചാംപ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ ജേതാവാണ് ആര്യ. ഇന്നലെയാണ് പൂനെയില്‍ നിന്നും ജൂനിയര്‍ വിഭാഗത്തില്‍ വുഷു ചാംപ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടി നാട്ടിലെത്തിയത്. ഇനി ഉടന്‍ ബാംഗ്ലൂരിലേക്ക് ദേശീയ യോഗ മല്‍സരത്തിന്. ദേശീയ വുഷു മാസ്റ്റര്‍മാരായ സൂര്യകാന്ത്, സുഗിത, സുവേഷ് എന്നിവരാണ് ആര്യയുടെ വുഷു ഗുരുക്കന്മാര്‍.

യോഗ അച്ഛന്‍ സുരേഷില്‍ നിന്നാണ് ആര്യ പിടിച്ചത്. പിന്നീട് അയ്യന്തോള്‍ സ്‌കൂള്‍ ഓഫ് യോഗയില്‍ നിന്നും. ബെന്നി, വിനീത, സുരേഷ് എന്നിവരും ഗുരുക്കന്മാര്‍ തന്നെ. പഠിക്കാന്‍ മിടുക്കിയായ ആര്യ കോക്കൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ യോഗ ടീച്ചര്‍ കൂടിയാണ് .പതിമൂന്ന്കാരിയായ ടീച്ചര്‍ .200 ലധികം കുട്ടികളും മുതിര്‍ന്നവരും ഈ മിടുക്കിയില്‍ നിന്ന് യോഗ പഠിക്കുന്നുണ്ട്.

അമ്മ പ്രസീദയും സഹോദരി ഐശ്വര്യയും സഹോദരന്‍ അശ്വിനും ചേച്ചിയെ അകമഴിഞ് പിന്തുണക്കുന്നതാണ് ആര്യയുടെ വിജയമന്ത്രം. ഒപ്പം മകളുടെ മനസ്സറിഞ്ഞ് അഭിനന്ദിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്യുന്ന ഒരു അച്ഛനും. പതിമൂന്നാം വയസ്സില്‍ യോഗയിലും വുഷു ആയോധനകലയിലും തിളങ്ങുന്ന ഒത്തിരി നേട്ടങ്ങള്‍ കൈവരിച്ച ഈ മിടുക്കി ഒരു നാടിന്റെ മാത്രമല്ല സംസ്ഥാനത്തിന് തന്നെ അഭിമാന നേട്ടമാണ് സമ്മാനിച്ചത്. സ്‌കൂളിലും നാട്ടിലും ആര്യയാണ് താരം. ഇവള്‍ പുതുതലമുറയിലെ പെണ്‍കുട്ടികള്‍ക്ക് മാതൃകയാക്കേണ്ട ജീവിതത്തിന്റെ പുസ്തകമാണ്.

Comments