കൃതൃമകാലുമായി വിജയത്തിന്റെ 'കൊടുമുടി' കീഴടക്കിയ അരുണിമ സിന്‍ഹ

കൃതൃമകാലുമായി  വിജയത്തിന്റെ 'കൊടുമുടി' കീഴടക്കിയ അരുണിമ സിന്‍ഹ
Posted by
Story Dated : January 28, 2017

=ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

ജയിക്കുന്നതിനും ജേതാവുകന്നതിനും തമ്മില്‍ വ്യത്യാസമുണ്ട്. ജയം ഒരു സംഭവമാണ്. ജേതാവുകുന്നത് ആത്മവീര്യത്തിന്റെ പ്രവര്‍ത്തനമാണ്. പ്രതികൂല സാഹചര്യങ്ങളോട് പൊരുതി വിജയം നേടിയ അനുപമ സിന്‍ഹ എന്ന യുവതി നമുക്കോരോര്‍തര്‍ക്കും വലിയൊരു പാഠമാണ്. നാം എന്ത് ആഗ്രഹിക്കുന്നുവോ അത് യാഥാര്‍ത്ഥ്യമാകുമെന്ന പാഠം. അരുണിമ വിജയത്തിന്റെ കൊടുമുടി കീഴടക്കിയത് യാദൃശ്ചികമല്ല. കഠിനമായ ശ്രമങ്ങളുടെയും ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ഇച്ഛാശക്തിയുടെയും സമ്മാനമാണ് ആ വിജയം.

ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറില്‍ ഒരു സാധാരണ കുടുംബത്തിലാണ് 1988 ല്‍ അരുണിമ സിന്‍ഹ ജനിച്ചത്. കുട്ടിക്കാലം മുതല്‍ സ്‌പോര്‍ട്‌സില്‍ താല്‍പര്യം കാണിച്ചിരുന്ന അരുണിമ നല്ലൊരു വോളിബോള്‍ താരമായി. നാട്ടുകാരും വീട്ടുകാരും അരുണിമയുടെ സ്വപ്നങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു . ദേശീയതലത്തില്‍ മികവുകാട്ടിയ വോളിബോള്‍ താരമായി അരുണിമ. സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ നിറങ്ങള്‍ പകര്‍ന്ന കാലം. 2011 ഏപ്രില്‍ 11ന് സിഐഎസ് എഫില്‍ ജോലി ലഭിക്കുന്നതിനുള്ള പരീക്ഷയില്‍ പങ്കെടുക്കുന്നതിനായി ലക്‌നോവില്‍ നിന്ന് ഡല്‍ഹിയിലേക്ക് നടത്തിയ ട്രയിന്‍ യാത്ര അരുണിമയുടെ ജീവിതത്തെ മാറ്റിമറിച്ചു.

NEPAL-INDIA-RECORD-DISABLED-EVEREST

പത്മാവതി എക്‌സ്പ്രസിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ യാത്ര അരുണിമ ഒരിക്കലും മറക്കില്ല. കൊള്ളക്കാരുടെ രൂപത്തിലാണ് അരുണിമയുടെ മുന്നിലേക്ക് ആ ദുരന്തം കടന്നുവന്നത്. മൂന്നുപേര്‍ അടങ്ങുന്ന സംഘം ട്രയിനിലെ യാത്രക്കാരെ കൊള്ളയടിക്കാനുള്ള ശ്രമമായിരുന്നു. കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണ്ണമാല കൊള്ളയടിക്കാനുള്ള ശ്രമത്തെ അരുണിമ ശക്തമായി എതിര്‍ത്തു. പിടിവലിക്കിടയില്‍ കൊള്ളക്കാര്‍ അരുണിമയെ ട്രയിനില്‍ നിന്ന് പുറത്തേക്കെറിഞ്ഞു. ട്രാക്കില്‍ വീണ അരുണിമക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിഞ്ഞില്ല. കണ്‍മിഴി തുറക്കും വേഗത്തില്‍ ട്രാക്കിലൂടെ മറ്റൊരു ട്രയിന്‍ പാഞ്ഞുപോയി. എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇടതുകാലിലൂടെ ട്രയിന്‍ കയറിയിറങ്ങി. സ്വപ്നങ്ങള്‍ ചതഞ്ഞരഞ്ഞു. അരുണിമയുടെ കാല്‍ ചിന്നഭിന്നമായി.

arunima-sinha1470135892_big

ബോധരഹിതയായ അരുണിമയെ ആശുപത്രിയിലെത്തിച്ചെങ്കിലും കാല്‍ പൂര്‍ണ്ണമായും മുറിച്ചുമാറ്റേണ്ടിവന്നു. സ്വപ്നങ്ങള്‍ പാതിയില്‍ നഷ്ടപ്പെട്ട ആ പെണ്‍കുട്ടിക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി കേന്ദ്ര റെയില്‍വേ മന്ത്രി പ്രഖ്യാപിച്ചു. കാല്‍ നഷ്ടപ്പെട്ടവള്‍ക്ക് ഇനിയൊരു വോളിബോള്‍ ഭാവിയില്ലെന്ന് ഒരു നടുക്കത്തോടെ അവള്‍ തിരിച്ചറിഞ്ഞു. സ്വപനങ്ങള്‍ തകര്‍ന്ന അരുണിമയുടെ ഇച്ഛാശക്തിയെ ചതച്ചരക്കാന്‍ ആ ദുരന്തത്തിനായില്ല. കൃതൃമകാലുമായി അരുണിമ പുതിയൊരു ജീവിതത്തിലേക്ക് സഞ്ചരിച്ചു. യാഥാര്‍ത്ഥ്യങ്ങള്‍ അവളെ പുതിയ സ്വപ്നങ്ങള്‍ കാണാനുള്ള കരുത്ത് പകര്‍ന്നു. എവറസ്റ്റ് കൊടുമുടി കീഴടക്കുക .കണ്ണുകള്‍ ലക്ഷ്യം കണ്ടാല്‍ ശരീരം അതിലേക്കെത്തും തീര്‍ച്ച .ഉറച്ച തീരുമാനമെടുത്തു ആ പെണ്‍കുട്ടി. ഒരു ദുരന്തങ്ങള്‍ക്കും വിധികള്‍ക്കും തകര്‍ക്കാനാവാത്ത ഉറച്ച മനസ്സ് അരുണിമക്ക് ശക്തി പകര്‍ന്നു .മനസ്സ് മുഴുവന്‍ എവറസ്റ്റ് കീഴടക്കുന്നതായിരുന്നു. കൃതൃമ കാലുമായി എവറസ്റ്റ് കീഴടക്കാനാകുമെന്ന് അവള്‍ ഉറച്ച് വിശ്വസിച്ചു. ജേതാക്കള്‍ വ്യത്യസ്ത കാര്യങ്ങളല്ല മറിച്ച് കാര്യങ്ങളെ വ്യത്യസ്തമായാണ് ചെയ്യുന്നതെന്ന് അരുണിമ തിരിച്ചറിഞ്ഞു. നാലു മാസത്തെ ചികിത്സക്കാലം അരുണിമയെ കൂടുതല്‍ ശുഭാപ്തി വിശ്വാസിയാക്കി.

Arunima_Sinha_2680486f

മൂത്ത സഹോദരന്‍ ഓം പ്രകാശിന്റെ സഹായത്തോടെ അരുണിമ മലകയറ്റം പരിശീലിക്കാന്‍ തുടങ്ങി. വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. 2013 മെയ് 13 രാവിലെ 10.55 ന് ലോകം ആ അത്ഭുത വിജയത്തിന് സാക്ഷ്യം വഹിച്ചു. കൃതൃമക്കാലുമായി എവറസ്റ്റ് കീഴടക്കിയ വികലാംഗയായ ആദ്യ ഇന്ത്യക്കാരിയായി അരുണിമ ചരിത്രത്തില്‍ ഇടം നേടി. ഇരുപത്തി അഞ്ചാം വയസ്സിലാണ് അരുണിമ ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്.

മല കയറ്റ പരിശീലകയായ സൂസന്‍ മഹാതേവും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം രാജ്യം അരുണിമക്ക് പത്മശ്രീ നല്‍കി ആദരിച്ചു. പത്മശ്രീ അരുണിമ സിന്‍ഹയുടെ വിജയകഥ പാഠ പുസ്തകത്തിലുള്‍പ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. നമുക്കും പാഠമാണ് ഈ ജീവിതം. തോല്‍ക്കാനുള്ളതല്ല ജയിക്കാനുള്ളതാണ് ജീവിതമെന്ന പാഠം.
നോക്കൂ .. നാം ആഗ്രഹിക്കുന്നത് നേടാനായില്ലെങ്കില്‍ നിരാശരാകുന്നവര്‍ ഒത്തിരിയാണ്. യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിച്ച് പുതിയ സ്വപ്നങ്ങള്‍ കാണാനും ലക്ഷ്യം നേടാനും നമുക്ക് കഴിയും. അതിന് നമ്മുടെ മനോഭാവം എപ്പോഴും പോസറ്റീവായിരിക്കണമെന്നു മാത്രം

(മാധ്യമപ്രവര്‍ത്തകനും, അധ്യാപകനും, ഹിപ്പ്‌നോട്ടിക്കല്‍ കൗണ്‍സിലറുമാണ് ലേഖകന്‍ 9946025819 )

alignthoughts-arunima-sinha-women-inspiraion-at-the-Everest-summit

Comments

error: This Content is already Published.!!