ദംഗലിന് ലഭിച്ചത് 175 കോടി രൂപ; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായകനടനായി ആമിര്‍ ഖാന്‍

ദംഗലിന് ലഭിച്ചത് 175 കോടി രൂപ; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായകനടനായി ആമിര്‍ ഖാന്‍
Posted by
Story Dated : March 20, 2017

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായക നടനായി മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ആമിര്‍ ഖാന്‍. സമീപകാലത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വന്‍ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു ദംഗല്‍. ഇന്ത്യയില്‍ നിന്നുമാത്രം ചിത്രം 500 കോടിയലധികം കളക്ഷന്‍ നേടിയിരുന്നു. പഴയകാല ഗുസ്തിതാരവും ഇന്ത്യന്‍ താരങ്ങളായ ഗീത ഫോഘട്ടിന്റേയും ബബിത ഫോഘട്ടിന്റേയും പിതാവുമായ മഹാവീര്‍ സിംഗ് ഫോഘട്ടിന്റെ ജീവിത കഥ പറഞ്ഞ ചിത്രത്തിലെ നായകന്‍ ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആമിര്‍ ഖാന്‍ ആയിരുന്നു.

ആമിര്‍ തന്നെയായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാവും. ചിത്രത്തിന്റെ പ്രതിഫലമായി ആമിറിന് ലഭിച്ചത് എത്രയെന്നായിരുന്നു എല്ലാവരും ചോദിച്ചു കൊണ്ടിരുന്നത്. താരത്തിന്റെ പ്രതിഫല വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. 175 കോടി രൂപയാണ് ആമിറിന് ദംഗലിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഡിസ്‌നി പിക്‌ചേഴ്‌സും യുടിവിയും ആമിറിന്റെ തന്നെ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. നിര്‍മ്മാതാവായതിനാല്‍ പ്രതിഫലത്തിന് പുറമെ ലാഭത്തിന്റെ ഒരു പങ്കും താരത്തിന് ലഭിച്ചു. പ്രതിഫലമായി 35 കോടിയും ലാഭവിഹിതത്തിന്റെ 33 ശതമാനവും റോയല്‍റ്റിയുടെ 33 ശതമാനവും ചേര്‍ന്ന് 175 കോടി ആമിറിന് ലഭിച്ചതായാണ് ദേശിയ മാധ്യമമായ ഡിഎന്‍എയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ആമിര്‍ ഒന്നാമതെത്തുകയും ചെയ്തു.
കഴിഞ്ഞ ക്രിസ്തുമസ് കാലത്തായിരുന്നു ദംഗലിന്റെ റിലീസ്. ഇന്‍സ്പിരേഷണല്‍ സ്‌റ്റോറി പറഞ്ഞ ചിത്രം ഇന്‍സ്റ്റന്റ് ഹിറ്റായിരുന്നു. ആമിറിന്റെ തന്നെ പികെയുടെ തൊട്ടു പിന്നാലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായും ദംഗല്‍ മാറി.

Comments

error: This Content is already Published.!!