പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം: നോട്ടിനായി ക്യൂ നിന്ന് മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം നല്‍കാനും സര്‍ക്കാര്‍ തീരുമാനം

 പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം: നോട്ടിനായി ക്യൂ നിന്ന് മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം നല്‍കാനും സര്‍ക്കാര്‍ തീരുമാനം
Posted by
Story Dated : January 11, 2017

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ കേരള മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പ് പരിശോധിക്കാന്‍ സമിതി രൂപീകരിക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനാണ് സമിതിയുടെ ചുമതല. ജിഷ്ണു പ്രണോയുടെ മരണത്തെ തുടര്‍ന്നാണ് തീരുമാനം. സ്വാശ്രയ കോളേജുകളുമായ ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ പ്രധാനമായും ചര്‍ച്ച ചെയ്തത്. പാമ്പാടി നെഹ്‌റു കോളേജുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമഗ്രമായി ഇന്നത്തെ മന്ത്രിസഭാ ചര്‍ച്ച ചെയ്തു. നെഹ്‌റു കോളേജില്‍ തുടര്‍ന്ന് പോരുന്ന അതിക്രമങ്ങളെ പറ്റി വിദ്യാര്‍ത്ഥികളും മുന്‍വിദ്യാര്‍ത്ഥികളും ഉന്നയിച്ച പരാതിയിന്മേല്‍ പരിശോധന വേണമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.

വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമിതിയാണ് രൂപീകരിക്കുന്നത്. സമിതിയുടെ ഏകോപനവും സമിതിയില്‍ ആരൊക്കെ വേണം എന്നതിനെ കുറിച്ചുമുള്ള തീരുമാനങ്ങള്‍ക്കായി വിദ്യാഭ്യാസ മന്ത്രിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.അതേസമയം നോട്ട് അസാധുവാക്കലിന് ശേഷം പണം പിന്‍വലിക്കാനായി ക്യൂ നില്‍ക്കവേ മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം അനുവദിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.

Comments